കാലാന്തരത്തിൽ കിഞ്ചനരുടെ പാട്ടുകൾ
വൈലോപ്പിള്ളിയുടെ 1958ലെ "കടൽക്കാക്കകൾ" എന്ന സമാഹാരത്തിൽ ഉൾപ്പെട്ട കവിതയാണ് 'കൃഷ്ണാഷ്ടമി'. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആണ് അത് ആദ്യമായി പ്രസിദ്ധീകരിച്ചത്. ദില്ലി ഭരിക്കുന്ന രാജാവ് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ തെരുവിൽ തെണ്ടിനടക്കുന്ന 'കവി'യെയും കുറേ സമാനസ്വഭാവമുള്ള പെറുക്കികളായ (Lumpen-proletariat) മനുഷ്യരെയും പിടിച്ച് ജയിലിലിടുന്നതുമുതൽ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ തുറന്നുവിടുന്നതുവരെയുള്ള കാര്യങ്ങളാണ് കവിതയിൽ. അതിനിടയിൽ ജയിലറയിൽ യാഥാർത്ഥ്യവും കൽപ്പനയും ഇടകലർന്നുള്ള ചില കാര്യങ്ങൾ നടക്കുന്നു. ദില്ലിയിലെ ദുർമണം സഹിച്ച ആ ജനത്തിന് ജയിലിലെ നാറ്റം നിസ്സാരമായിരുന്നു. അഷ്ടിക്ക് വകയില്ലാത്തവരായ അവർക്ക് ജയിലിലെ കല്ലരി നല്ല സൽക്കാരവും. എന്നാൽ അവർക്ക് നഷ്ടമായത് സ്വാദ് പെരുക്കും സ്വാതന്ത്ര്യമായിരുന്നു. ഏറ്റവും വലിയ ജയിലായ മാനംമുട്ടുന്ന കൊട്ടാരത്തിൽ വാഴുന്ന മന്നോർമന്നന് ഇല്ലാത്ത സ്വാതന്ത്ര്യം ഊരുതെണ്ടികൾക്ക് കിട്ടിയതിലുള്ള ഈർഷ്യയാണോ ആ കാരാഗൃഹവാസം? ആവാം. ജയിലിലെ അസ്വാതന്ത്ര്യത്തെ അതിജീവിച്ച് അവർ പതിയെ ജീവിതവും സ്വാതന്ത്ര്യവും സുസ്വപ്നവും ആനന്ദവും വീണ്ടെടുക്കുന്നു. വ...