കാലാന്തരത്തിൽ കിഞ്ചനരുടെ പാട്ടുകൾ

വൈലോപ്പിള്ളിയുടെ 1958ലെ "കടൽക്കാക്കകൾ" എന്ന സമാഹാരത്തിൽ ഉൾപ്പെട്ട കവിതയാണ് 'കൃഷ്ണാഷ്ടമി'. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആണ് അത് ആദ്യമായി പ്രസിദ്ധീകരിച്ചത്. ദില്ലി ഭരിക്കുന്ന രാജാവ് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ തെരുവിൽ തെണ്ടിനടക്കുന്ന 'കവി'യെയും കുറേ സമാനസ്വഭാവമുള്ള പെറുക്കികളായ (Lumpen-proletariat) മനുഷ്യരെയും പിടിച്ച് ജയിലിലിടുന്നതുമുതൽ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ തുറന്നുവിടുന്നതുവരെയുള്ള കാര്യങ്ങളാണ് കവിതയിൽ. അതിനിടയിൽ ജയിലറയിൽ യാഥാർത്ഥ്യവും കൽപ്പനയും ഇടകലർന്നുള്ള ചില കാര്യങ്ങൾ നടക്കുന്നു. ദില്ലിയിലെ ദുർമണം സഹിച്ച ആ ജനത്തിന് ജയിലിലെ നാറ്റം നിസ്സാരമായിരുന്നു. അഷ്ടിക്ക് വകയില്ലാത്തവരായ അവർക്ക് ജയിലിലെ കല്ലരി നല്ല സൽക്കാരവും. എന്നാൽ അവർക്ക് നഷ്ടമായത് സ്വാദ് പെരുക്കും സ്വാതന്ത്ര്യമായിരുന്നു. ഏറ്റവും വലിയ ജയിലായ മാനംമുട്ടുന്ന കൊട്ടാരത്തിൽ വാഴുന്ന മന്നോർമന്നന് ഇല്ലാത്ത സ്വാതന്ത്ര്യം ഊരുതെണ്ടികൾക്ക് കിട്ടിയതിലുള്ള ഈർഷ്യയാണോ ആ കാരാഗൃഹവാസം? ആവാം. ജയിലിലെ അസ്വാതന്ത്ര്യത്തെ അതിജീവിച്ച് അവർ പതിയെ ജീവിതവും സ്വാതന്ത്ര്യവും സുസ്വപ്നവും ആനന്ദവും വീണ്ടെടുക്കുന്നു. വിശ്വപിതാവായ ശ്രീകൃഷ്ണൻ കൃഷ്ണാഷ്ടമി ആഘോഷങ്ങൾക്കിടയിൽ അവരുടെ കൊച്ചുകിടാവായി ജയിലറയിലേക്ക് കടന്നുവരുന്നു (വൈലോപ്പിള്ളി വാക്കിൻ്റെ വിരുദ്ധ ദ്വന്ദ്വം കൊണ്ട് തീർക്കുന്ന വലിയ അർത്ഥതലംം!). അവർ ഗോപന്മാരാകുന്നു. ജയിലറ ആഘോഷത്തിൽ ഗോകുലമാകുന്നു. ഈ ആനന്ദം അസഹനീയമായതിനാലാകാം അവരെ തടവറയിൽ നിന്ന് പുറത്താക്കി സ്വാതന്ത്ര്യവും ജീവിതവും നിഷേധിച്ചത്! (Who wants freedom! എന്ന് ബഷീർ). തുടർന്ന് തെരുവിൻ്റെ സുരക്ഷാരാഹിത്യം തടവുപുള്ളികളിൽ ഒരുവനായ ഗുസ്തിക്കാരനെ വഴക്കിൽ കുത്തിക്കൊല്ലുന്നു. പണ്ട് കഴിഞ്ഞ പോലെ കവി തെണ്ടിയും കട്ടും ജീവിതം തുടരുന്നു. ബാക്കിയുള്ളവരെപ്പറ്റി പിന്നെ കേട്ടുകേൾവി ഇല്ലാത്തതിനാലാവാം, കവിത നിശബ്ദത പാലിക്കുന്നു!

അധികാരം നിസ്സാരരാക്കുന്ന മനുഷ്യരുടെ നിയതി അത്രമേൽ അപ്രവചനീയവും അവഗണനീയവും തന്നെ!

"അൽപ്പരസപുരികത്താലങ്ങോർ 

കൽപ്പനയൊന്നുകൊടുക്കുന്നു

അപ്പോഴകിഞ്ചനരങ്ങിങ്ങു കാറ്റിൽ

ചപ്പിലപോലെ പറക്കുന്നു

ജലിനകത്തേ,ക്കവ്വണ്ണം താൻ

ജയിലുതുറന്നു പുറത്തേക്കും !"


എന്നാണ് കവി, രാജാവിൻ്റെ അനിയന്ത്രിതമായ അധികാരം അയാൾക്ക് അനുവദിച്ചുകൊടുക്കുന്ന തോന്ന്യാസത്തെ വിവരിക്കുന്നത്. ഈ കവിത പിന്നീട് ഇന്ത്യയിൽ വരാനിരുന്ന അമിതാധികാരപ്രവണതകളെ പ്രവചിച്ചു. ഇന്നും അത് പ്രസക്തമായി തുടരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും ജീവിച്ച കവി അധികാരം ഏതു വ്യവസ്ഥയിലും നിസ്വരായ മനുഷ്യരെ കാറ്റിൽ ചപ്പില എന്നപോലെ പറത്താൻ പ്രാപ്തമാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു. 


കവിത അവസാനിക്കുമ്പോൾ കൃഷ്ണ സങ്കൽപ്പത്തെ കവി രക്ഷാമാർഗമായി അവതരിപ്പിക്കുന്നു. 

" ആക്രമണങ്ങളും പോരും പഞ്ഞവും തീക്കനൽ നെഞ്ചിലുതിർത്താലും" അമ്മയുടെ മടിയിൽ കൃഷ്ണൻ ഇരുന്നു ചിരിക്കുമ്പോൾ സന്താപം ആവശ്യമില്ല എന്ന് കവി പറയുന്നു.


രാജാധികാരവും പുരോഹിതവർഗവും തമ്മിലുള്ള ഒത്തുകളിയുടെ ചരിത്രം പുതിയതൊന്നുമല്ല. ദൈവത്തെയും മതത്തെയും ഉപയോഗിച്ച് ജനത്തിനെ ചൂഷണംചെയ്ത് അവർ ശക്തരായി. ഇതിനെതിരായ പോരാട്ടമായി ഭക്തരും ദൈവവും തമ്മിലുള്ള നേരിട്ടുള്ള ഇടപാടുകൾക്കായി വാദിക്കുന്ന 'ഭക്തിപ്രസ്ഥാനങ്ങൾ' വിമോചനദൈവശാസ്ത്രങ്ങൾ, പ്രൊട്ടസ്റ്റൻ്റ് മതങ്ങൾ ഒക്കെ ഉണ്ടായി. വൈലോപ്പിള്ളിയുടെ ഈ കവിതയിൽ അത്തരം ഒരു ആവിഷകാരമാണ് ജയിലിൽ നടക്കുന്നത്. കൃഷ്ണൻ എന്ന ദൈവത്തിൻ്റെ വിമോചനസാധ്യതയും അതാണല്ലോ. ഭക്തന് പല ആവിഷ്കാരങ്ങൾ-- രക്ഷകൻ, കാമുകൻ, സുഹൃത്ത്, മകൻ-- കൃഷ്ണനിൽ സാധ്യമാകുന്നു. ഈ പെട്ടെൻഷ്യൽ തിരിച്ചറിയുന്ന ജനവും അത് മുൻകൂട്ടി ചെറുക്കുന്ന ഭരണകൂടവും ആണ് കവിതയിൽ. 

രാജാധികാരത്തിന് പങ്കില്ലാത്ത ദൈവാവിഷ്കാരത്തെ ഭരണാധികാരി മുളയിലേ നുള്ളിയതാകാം. തെറിച്ചുനടന്ന കൂട്ടരെ വീണ്ടും തെറിപ്പിക്കുകയും ഭിന്നിപ്പിക്കുകയും അശക്തരാക്കുകയും ഇല്ലാതാക്കുകയും ചെയ്തതാകാം.


                                    * *


ഇന്നത്തെ കാലത്ത് ഈ കവിത എഴുതപ്പെട്ടാൽ അതിൽ എന്തെങ്കിലും കൂട്ടിച്ചേർക്കേണ്ടി വരുമോ എന്ന് ഞാൻ വെറുതേ ആലോചിക്കുന്നു. മുൻപെങ്ങും ഇല്ലാത്ത വിധത്തിൽ മതരാഷ്ട്രീയം കോർപ്പറേറ്റ് ബാന്ധവത്തിൽ അരങ്ങുവാഴുന്ന ഇന്ത്യയിൽ, ബാബറി മസ്ജിദ് അനന്തര അയോദ്ധ്യാക്കച്ചടവക്കാലത്ത് ഈ കവിത വേറൊന്നാകില്ലേ? ഇതിൻ്റെ ഒരു പുനരാവിഷ്കാരത്തിനോ ഒരു ദൃശ്വാവിഷ്കാരത്തിനോ ശ്രമിച്ചാൽ ഞാൻ കവിയെയും ജയിലിലെ 'കൂടിയ പുള്ളികളെയും' പിടികൂടിയതിന് ഒരു കാരണം തിരയും. അവരെ അങ്ങനെ വെറുതേ ജയിലുതുറന്ന് പുറത്താക്കാൻ കൂടുതൽ ചകിതരായ ഇന്നത്തെ ഷാഹൻഷാമാർ ഉത്തരവിടുകയും ഉണ്ടാകില്ല എന്ന് എനിക്ക് തോന്നുന്നു. 


എൻ്റെ തോന്നലുകൾ ഞാൻ കുറിക്കാൻ നോക്കാം.


കവിതയിൽ പറഞ്ഞവരെ കൂടാതെ സമാനസ്വഭാവത്തിലുള്ള നൂറുകണക്കിന് ആൾക്കാരെ ഒരു കോട്ടയിലെ വിവിധ അറകളിൽ അടച്ചിട്ടുണ്ടാകണം. ഒരു നഗരത്തെ ശുദ്ധീകരിക്കുന്നതിൻ്റെ ഭാഗമായാണ് അത്. ആ നഗരത്തിൽ ഒരു വലിയ ശ്രീകൃഷ്ണേക്ഷേത്രം ഭരണകൂടം നിർമ്മിക്കുകയാണ്. അതിനു പിന്നിൽ ടൂറിസം, വോട്ട് തുടങ്ങിയ താൽപ്പര്യങ്ങൾ ഉണ്ട്. അധികാരത്തിൻ്റെ കാൽപ്പര്യാർത്ഥം ഒരു പുതിയ  | 'സാംസ്കാരികനഗരം' വിഭാവനം ചെയ്യപ്പെടുകയാണ്. 

ഈ ആഖ്യാനം നടത്തുന്ന ആളിനെ (കവി) ഞാൻ ശ്രീധരൻ എന്നാണ് വിളിക്കുന്നത്. അയാളെ  കോട്ടയിലേക്ക് പോലീസുകാർ എത്തിക്കുന്നു. തുടർന്ന് കോട്ടയിലെ ജീവനക്കാരായ സൗഹാർദഭാവത്തിൽ ഇടപെടുന്ന പയ്യന്മാർ അയാളെ ജയിലറയിലേക്ക് ആനയിക്കുന്നു.

ശ്രീധരനെ അടച്ച അറയിൽ കവിതയിൽ പറഞ്ഞിരിക്കുന്ന രണ്ട് സന്യാസിമാർ, നൊസ്സു പിടിച്ച ഒരു ഫഖീർ, മീന എന്ന ലൈംഗിക തൊഴിലാളി, രാജീവ് എന്ന പയ്യൻ, തെക്കനായ മരുന്നുവ്യാപാരി, ഗുസ്തിക്കാരൻ, എന്നിവരെ കൂടാതെ മീനയുടെ ഒരു സഹതൊഴിലാളിയായ സ്ത്രീ കൂടി എൻ്റെ ഭാവനയിൽ ഉണ്ട്. 

പയ്യന്മാരായ കാവൽക്കാർ അവർക്ക് ബീഡിയും പാനും ഒക്കെ എത്തിച്ചുകൊടുക്കുന്നുണ്ട്. അവർ വലിയ സൗഹൃദത്തിലാണ്.

ശ്രീധരൻ ഒരു കവിയും ചിത്രകാരനും ആണ്. അയാളുടെ കയ്യിൽ 'കൃഷ്ണാഷ്ടമി' എന്ന കയ്യെഴുത്തുപുസ്തകം ഉണ്ട്. അതിൽ അയാൽ ഇടക്ക് പുതിയ കാര്യങ്ങൾ എഴുതി ചേർക്കുന്നുണ്ട്, ചിത്രങ്ങൾ വരക്കുന്നുണ്ട്.


ശ്രീധരൻ സഹതടവുകാരോട് തൻ്റെ കഥ പറയുന്നുണ്ട്. വയ്യാത്ത അമ്മയെ നോക്കാൻ ഒരു കല്യാണം കഴിച്ച ആളാണ് അയാൾ. അതോടെ വേറെ ഒരു ജോലിയും ഇല്ലാത്ത അയാളുടെ ജീവിതം കൂടുതൽ കഷ്ടത്തിൽ ആയി. കഷ്ടപ്പാട് നിറഞ്ഞ ജീവിതം ആയതിനാൽ ഭാര്യ അയാൾക്ക് സ്വൈര്യം കൊടുക്കുന്നില്ല. ഇതിനിടയിൽ അയാൾക്ക് കൃഷ്ണാഷ്ടമി ദിനത്തിൽ ഒരു കുഞ്ഞു ജനിക്കുന്നു. കുടുംബം നോക്കാൻ അയാൾക്ക് വീട് വിട്ടു നഗരത്തിൽ പോകേണ്ടിവരുന്നു. ഇക്കാര്യങ്ങൾ എല്ലാം അയാൾ പുസ്തകത്തിൽ വരകളായും വരികളായും ചേർക്കുന്നുണ്ട്. വരുന്ന കൃഷ്ണാഷ്ടമി ദിനത്തിൽ മകന് ഒരു വയസ് തികയും.

മറ്റുള്ളവരോട് സംസാരിച്ച് അവരെപ്പറ്റിയും അയാൾ വരക്കുകയും കവിതകൾ എഴുതുകയും ചെയ്യുന്നു. അത് വായിക്കൽ ജയിലിലെ അവരുടെ നേരമ്പോക്ക് ആയി മാറുന്നു. കാരാഗൃഹപാലകരും അതിൻ്റെ ഭാഗമാകുന്നു.

ശ്രീധരൻ്റെ കൈയഴുത്തു പുസ്തകത്തിൽ ഉണ്ടായിരുന്ന സഹതടവുകാരെ പറ്റിയുള്ള ചിത്രീകരണം ഇപ്രകാരം ആണ്. അത് ജയിലിലെ നിരന്തര സംഭാഷണത്തിലൂടെ, നിരീക്ഷണങ്ങളിലുടെ ശ്രീധരന് ആവിഷ്കരിക്കാൻ കഴിഞ്ഞതാണ്.

സ്ത്രീകളെ നാട്ടിലെ പോലീസ് ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട്. അതേ പോലീസ് പിന്നീട് അവരെ അറസ്റ്റ് ചെയ്യുന്നു/ ചെയ്യാൻ നിർബ്ബന്ധിതരാകുന്നു. 

പയ്യൻ ചൂതുകളിക്കാരുടെ സഹായിയായിരുന്നു. ചൂതുകളിയിൽ പൈസ ലഭിക്കുന്നതായി നാടകം കളിച്ച് മറ്റുള്ളവരെ അതിലേക്ക് ആകർഷിക്കൽ ആണ് അയാളുടെ പണി. അങ്ങനെ വരുന്നവർക്ക് പണം നഷ്ടമാകുന്നു. ഇത്തരത്തിൽ രണ്ട് പോലീസുകാർക്ക് പണം നഷ്ടമാകുന്നു. പിന്നീട് പയ്യനെ അകാരണമായി പോലീസ് പിടിക്കുന്നു. ജയിലിലടക്കുന്നു.

ഗുസ്തിക്കാരനെ ശ്രീധരൻ ചിത്രീകരിക്കുന്നത് ഒരു കാർണിവലിൻ്റെ ഭാഗമായി ഗോധയിൽ നിന്ന് മറ്റുള്ളവരെ വെല്ലുവിളിക്കുന്നതായാണ്. അയാൾ ഒരു മെലിഞ്ഞ കള്ളനുമായി നിൽക്കുന്ന രണ്ടു പോലീസുകാരെ ഗുസ്തിക്ക് ക്ഷണിക്കുന്നു. അരിശം മൂത്ത ഒരു പോലീസുകാരൻ കള്ളനെ ഗോധയിലേക്ക് വിടുന്നു. അയാൾ ഗുസ്തിക്കാരനെ മലർത്തി രക്ഷപ്പെടുന്നു.

ഈ കള്ളൻ പിന്നീട് മരുന്നു വ്യാപാരിയുടെ സഹായിയായി ജീവിക്കുന്നതാണ് ശ്രീധരൻ പിന്നെ ചിത്രീകരിക്കുന്നത്. അയാളെ അന്വേഷിച്ചെത്തിയ പോലീസ് വ്യാപാരിയെ അറസ്റ്റുചെയ്യുന്നു. പിന്നീട് കള്ളൻ പോലസ് സ്റ്റേഷനിൽ കീഴടങ്ങുന്നു.


കൃഷ്ടാഷ്ടമി ദിനം വന്നെത്തുന്നു. ജയിലറയിൽ അവർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ആഘോഷത്തിന് വേണ്ട സാമഗ്രികൾ കാവൽക്കാരായ പയ്യന്മാർ എത്തിച്ചുനൽകുന്നു. അവർ പാട്ടുകൾ ആലപിക്കുന്നു. കൃഷ്ണനെ മകനായും സുഹൃത്തായും സഹോദരനായും ആവിഷകരിച്ച് പാട്ടുകൾ പാടുന്നു. ഉണ്ണിക്കണ്ണൻ ജയിലിൽ പ്രത്യക്ഷപ്പെടുന്നു. അവർ കൃഷ്ണനൊപ്പം കളിക്കുന്നു, അവനെ താലോലിക്കുന്നു. കൃഷ്ണൻ അപ്രത്യക്ഷനാകുന്നു. രാധികയുടെ വിധുരാലാപം സ്ത്രീകളിൽ ഒരാൾ ആലപിക്കുന്നു.


ഫക്കീറിനെയും സന്യാസിമാരെയും ചിത്രീകരിക്കുന്ന ഭാഗത്ത് ശ്രീധരൻ അവരിൽ നിന്ന് മനസിലാക്കിയ ഒരു കാര്യം വരച്ചുചേർക്കുന്നു. ക്ഷേത്രവും പള്ളിയും ഒരു മതിൽക്കെട്ട് പങ്കുവെച്ച ഒരിടത്ത് സർക്കാർ സംവിധാനം ഇടപെട്ട് സംഘർഷം ഉണ്ടാകുന്നതാണ് അത്. അവിടെ സഹവസിച്ചിരുന്നവരായിരുന്നു സന്യാസിമാരും ഫഖീറും. ആ സംഘർഷം ആകാം ഫഖ്വീറിൻ്റെ മാനസികനില തകരാറിലാക്കിയത്.

ആഘോഷത്തിൻ്റെ പിറ്റേദിവസം ജയിലുതുറന്ന് എല്ലാപേരേയും പുറത്താക്കുന്നു. കണ്ണുകെട്ടി മറ്റനേകം ആൾക്കാർക്കൊപ്പം അവരെ ഒരു ലോറിയിൽ കയറ്റി നഗരം കടത്തുന്നു. അവരുടെ കൂട്ടത്തിൽ കാർണിവെൽ സമയത്ത്  കണ്ട കള്ളനും ഉണ്ട്.  ജയിലറയിൽ ഉണ്ടായിരുന്ന പയ്യനെ അവർ ഒഴിവാക്കുന്നു. അവനെ കോട്ടയുടെ കാവൽസംഘത്തിൽ ചേർക്കുന്നു. ഇങ്ങനെ പിടിക്കപ്പെട്ടവരാകാം കാവൽക്കാരായ മറ്റ് പയ്യന്മാരും. 

 ജയിലറയിൽ അടച്ചിരുന്നവരെ കയറ്റിയ വണ്ടി കോട്ടയുടെ ഗേറ്റ് കടന്നുപോകുമ്പോൾ കാവലിന് നിയുക്തനായ അവൻ കരഞ്ഞുകൊണ്ട് പിന്നാലെ ഓടുന്നുണ്ട്. കൂടെയുള്ളവൻ അത് തടയുന്നു.

'കൃഷ്ണാഷ്ടമി' ഇപ്പോൾ പയ്യൻ്റെ കൈയിലാണ്. അതിലെ അവസാനം വരച്ച ഭാഗം അവൻ നോക്കുമ്പോൾ കാവൽക്കാരായ രണ്ട് പയ്യന്മാരുടെ ചരിത്രം മനസിലാക്കുന്നു. അവരും പിടിക്കപ്പെട്ടവരാണ്. തെരുവിൽ പാനും ഓടക്കുഴലും വിറ്റിരുന്നവർ. പയ്യന്മാരായതിനാൽ തൽക്കാലം അവരെ കാവൽക്കാരാക്കി നിർത്തിയിരിക്കുന്നു എന്നുമാത്രം.

ചക്രധാരിയായ കൃഷ്ണൻ്റെ പ്രതിമ മുൻവശത്തുള്ള ഒരു കൂറ്റൻ അമ്പലത്തിനെ, തടവുകാരെ കുത്തിനിറച്ച വണ്ടി കടന്നുപോകുന്നു. നഗരം കടന്ന് ഗ്രാമപ്രദേശത്തേക്ക് കടക്കവേ കണ്ണുകെട്ടിയ തടവുകാർ ഓരോരുത്തരായി വണ്ടിയിൽ നിന്ന് പുറത്തേക്ക് വീഴുന്നു.

Comments